Monday, April 24, 2023

 ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ വീട്ടുകാരോടൊപ്പം ഉദ്യാനത്തില്‍ കൂടി. വീടിന് ചുറ്റുമുള്ള തോട്ടത്തില്‍ ഷാര്‍ലറ്റ് നല്ലൊരു ഉദ്യാനമൊരുക്കിയിരുന്നു. അനേകം പൂച്ചെടികളും തണല്‍മരങ്ങളും അവളുടെ പ്രത്യേക പരിപാലനത്തില്‍ അവിടെ വളര്‍ന്നു. ഉഷ്ണമേഖലയിലും ശൈത്യമേഖലയിലുമുള്ള വിവിധയിനം പൂച്ചെടികളും വൃക്ഷങ്ങളും ആ കൂട്ടത്തിലുണ്ടായിരുന്നു. അവയുടെ വര്‍ണ്ണവും സുഗന്ധവും അവിടെയൊരു പൂക്കാലമൊരുക്കി. പോളിനേഷ്യന്‍ സുന്ദരിമാര്‍ അണിയുന്ന പൂമാലകളിലെ വര്‍ണ്ണപുഷ്പ്പങ്ങളും, സുഗന്ധമലരുകളായ പൂപ്പാടങ്ങളിലെ മുല്ലയും പനിനീര്‍ച്ചെടികളും മണലാരണ്യത്തിലെ മുള്‍ച്ചെടികളും ഉദ്യാനത്തെ മനോഹരമാക്കി. കൃത്രിമമായി തീര്‍ത്ത ഉദ്യാനത്തിലെ ആമ്പല്‍പൊയ്കയില്‍ നൈല്‍നദിയിലെ നീലാമ്പല്‍പൂക്കളും പൌരസ്ത്യദേശത്തെ ചെളിനിറഞ്ഞ പാടങ്ങളില്‍ കാണുന്ന ചെന്താമരകളും പൂത്തുനിറഞ്ഞിരുന്നു. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള മത്സ്യങ്ങള്‍ ആ  ഉദ്യാനപൊയ്കയില്‍ നീന്തിരസിക്കുന്ന കാഴ്ച മനോഹരമായിരുന്നു. 

വെയില്‍ തണുത്തതോടെ മധുതേടി പലതരം ചിത്രശലഭങ്ങള്‍ ഉദ്യാനത്തിലെത്തി. അവയുടെ പാറിപറക്കലുകള്‍ക്കിടയില്‍ ആമ്പല്‍ പൊയ്കക്കരികിലുള്ള ഇരിപ്പിടങ്ങളില്‍ ചായയും അമ്മായിയുടെ പുതിയ ബിസ്ക്കറ്റുമായി ഞങ്ങള്‍ സൊറ തുടങ്ങി.      

സംഭാഷണം ജാക്കിന്റെ ഗിറ്റാര്‍ വായനയില്‍നിന്ന് തുടങ്ങി ഷാര്‍ലറ്റിന്റെ ചിത്രത്തുന്നലും ഉദ്യാനപരിപാലനവും കടന്ന് അമ്മായിയുടെ പുതിയ പാചകകൂട്ടുകളിലൂടെ മുന്നേറി. അമ്മാവനും മൂപ്പരുടെ ചാരകഥകളിലെ സാഹസികതയുമായി കൂട്ടത്തില്‍ കൂടി ഈജിപ്തിലെ ഒരു പിരിമിഡില്‍ രഹസ്യം തേടിയിറങ്ങിയ കഥ പറഞ്ഞു.

“രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ തേടുന്ന ഇന്റലിജന്‍സുകാര്‍ക്ക് ഇത്തരം പുരാവസ്തുക്കളില്‍നിന്ന്‍ എന്ത് വിവരങ്ങള്‍ ലഭിക്കാനാ?” അമ്മാവന്റെ കഥകേട്ട് ജെയ്ന്‍ ചോദിച്ചു.

“രാജ്യസുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ശത്രുക്കളെയും അവരുടെ നീക്കങ്ങളെയും കണ്ടെത്തല്‍ മാത്രമല്ല പ്രവര്‍ത്തനം, രാജ്യത്തിന്റെ അഭിവൃദ്ധിക്കും മുന്നേറ്റത്തിനും സഹായകമായ വിവരങ്ങളും കാര്യങ്ങളുമൊക്കെ അതില്‍പ്പെടും.”

“ഈജിപ്തിലെ ഈ പൗരാണിക ശവക്കല്ലറകളില്‍നിന്ന് രാജ്യത്തിന് ഗുണമുള്ള എന്ത് വിവരമാണ് ലഭിക്കുക?” വിടാന്‍ ഭാവമില്ലാതെ ജെയ്ന്‍ ആ വിഷയത്തിന്റെ പുറകെ കൂടി.

“ലോകാവസാനത്തെ സംബന്ധിച്ച ചില കാര്യങ്ങള്‍ കുറിച്ചുവെച്ച ഒരു പൗരാണിക ശിലാലിഖിതം തേടിയാണ് ഞങ്ങള്‍ ഈജിപ്തിലെ ചില പിരമിഡുകളില്‍ പരിശോധന നടത്തിയത്. മോശയുടെ കാലത്തിനും മുമ്പ് ഈജിപ്തില്‍ ജീവിച്ച നെബ്യുഹെര്‍മാന്‍ഡീസ് എന്ന ഒരു പുരോഹിതന്റെ കല്ലറയിലാണ് അതുള്ളത്. എന്നാല്‍ ആറുമാസം തിരഞ്ഞിട്ടും ആ കല്ലറ കാണാന്‍ കഴിഞ്ഞില്ല. ഈജിപ്തിലെ മണല്‍ക്കാടുകളില്‍ മറഞ്ഞ അനേകം പൗരാണികശവക്കല്ലറകളില്‍ ഒന്നാണതെന്ന്‍ കരുതപ്പെടുന്നു. നിരവധി പര്യവേഷകരും ചരിത്രാന്വേഷികളും ആ കല്ലറ തിരഞ്ഞ് ഈജിപ്തിലെ മണല്‍ക്കാടുകളില്‍ അലഞ്ഞിട്ടുണ്ട്, ഇന്നും ആളുകള്‍ ഒരു മഹാനിധി പോലെ ആ കല്ലറ തേടികൊണ്ടിരിക്കുന്നു.”

“ഈ കല്ലറയെ കുറിച്ചുള്ള വിവരം എവിടെനിന്നാണ് ലഭിച്ചത്?” ജെയ്ന്‍ ചോദിച്ചു.

“അത് മറ്റൊരു പൗരാണികലിഖിതത്തില്‍നിന്ന്‍. ഈജിപ്റ്റോളജിസ്റ്റായ ഒരു ഫ്രഞ്ച് പുരാവസ്തുഗവേഷകന്‍ നടത്തിയ പര്യവേഷണത്തിലെ ഉത്ഖനനത്തില്‍ കണ്ടെത്തിയ ഒരു മണ്മറഞ്ഞ ക്ഷേത്രാവശിഷ്ടത്തില്‍ നിന്നാണ് നെബ്യുഹെര്‍മാന്‍ഡീസിന്റെ ഈ പ്രവചനത്തെ സംബന്ധിച്ച ഒരു ശിലാലിഖിതം ലഭിക്കുന്നത്. ക്ഷേത്രാവശിഷ്ടങ്ങളില്‍നിന്ന്‍ ലഭിച്ച ഒരു തൂണില്‍ കൊത്തിവെച്ചിരുന്ന ആ ലിഖിതത്തില്‍ ഹെര്‍മാന്‍ഡീസിന്റെ പ്രവചനത്തെ കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്.”

“എന്താണ് ആ പ്രവചനത്തിലുള്ളത്?” ഞാന്‍ ചോദിച്ചു.

“ലോകാവസാനത്തെ കുറിച്ചുള്ള കാര്യങ്ങള്‍.” 

ഞങ്ങളുടെ എല്ലാവരുടെയും മുഖത്ത് പ്രകടമായ ഒരാകാംക്ഷ കണ്ട് അമ്മാവന്‍ ചിരിച്ചു. 

“ലോകാവസാനത്തെ കുറിച്ചോ? അപ്പോള്‍ അതൊരു രസികന്‍ കാര്യം തന്നെ..!” ജെയ്ന്‍ പറഞ്ഞു. “പറയു അമ്മാവാ, ആ പ്രവചനത്തില്‍ എന്താണ് ലോകാവസാനത്തെ കുറിച്ച് പറയുന്നത്?”

“ലോകാവസാനം എങ്ങനെയായിരിക്കുമെന്നും, എപ്പോള്‍ നടക്കുമെന്നും ആ പ്രവചനലിഖിതത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. നെബ്യുഹെര്‍മാന്‍ഡീസിനെ അടക്കിയ കല്ലറയിലെ ചുവരിലാണ് ആ ലിഖിതമുള്ളത്. മരുഭൂമിയില്‍ മണ്മറഞ്ഞുപോയ ഏതോ ഒരു പിരമിഡിനുള്ളിലെ അറയില്‍ ആ ലിഖിതമുള്ള ശിലാഫലകം ഇപ്പോഴും മനുഷ്യനേത്രങ്ങളില്‍പ്പെടാതെ ഒളിഞ്ഞുകിടപ്പുണ്ടെന്ന് കരുതപ്പെടുന്നു.”

“ലോകാവസാനത്തെ കുറിച്ച് എന്താണ് അതില്‍ പറയുന്നത്?” ഞാന്‍ ചോദിച്ചു. 

“നീ ഭയപ്പെടേണ്ട, എന്തായാലും നമ്മുടെ കാലത്തൊന്നും അത് നടക്കാന്‍ പോകുന്നില്ല.” ഷാര്‍ലറ്റ് പറഞ്ഞു.

“എന്നെങ്ങനെ ഉറപ്പിക്കും?” ജാക്ക് ചോദിച്ചു, ശേഷം ലോമിയോ പറഞ്ഞ കാര്യം അവന്‍ അവിടെ പരാമര്‍ശിച്ചു. “എപ്പോള്‍ വേണമെങ്കിലും മരിക്കാവുന്ന മനുഷ്യരെ പോലെയോ മറ്റു ജീവജാലങ്ങള്‍ പോലെയോ ഒക്കെതന്നെയാണ് ഈ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളുമാകുന്ന ഗോളങ്ങളും. എപ്പോള്‍ വേണമെങ്കിലും അവ നശിച്ചേക്കാം. അതിനൊരു കാലമില്ല എന്നതാണ് വാസ്തവം.”

“ആണോ അമ്മാവാ?” ജെയ്ന്‍ ചോദിച്ചു.

“അതെ, അത് ശരിയായ ഒരു കാര്യം തന്നെയാണ്. മനുഷ്യരും മറ്റു ജീവജാലങ്ങളും ഏതാനും വര്‍ഷങ്ങള്‍ മാത്രം ജീവിക്കുമ്പോള്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും അനേകായിരം സഹസ്രാബ്ദങ്ങള്‍ നിലനില്‍ക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. അവയ്ക്കുമുണ്ട് അന്ത്യവും നാശവും. നാശമെന്നു നാം പറയുന്നത് പരിണാമത്തിലൂടെ സംഭവിക്കുന്ന മാറ്റമാണ്. ഒന്ന്‍ മറ്റൊന്നായി പരിണമിക്കുന്ന ആ മാറ്റങ്ങളിലൂടെയാണ് പ്രപഞ്ചം ഈവിധം നിലനിന്ന് പോകുന്നത്. പരിണാമമാകുന്ന ആ പ്രപഞ്ചചലനത്തിന് വിധേയമാകാത്തതായി ഒന്നുമില്ല ഈ പ്രപഞ്ചത്തില്‍. അതിനാല്‍ എല്ലാ പ്രപഞ്ചഗോളങ്ങള്‍ക്കുമെന്ന പോലെ ഭൂമിക്കുമുണ്ട് ഒരൊടുക്കം.” 

“തുടക്കമുള്ളതിനെല്ലം ഒടുക്കവുമുണ്ട്, തുടക്കമില്ലാത്ത ദൈവത്തിനൊഴികെ.” അമ്മായി പറഞ്ഞു.

“ഭൗതികശാസ്ത്രം പഠിക്കുന്ന നീ എന്തടിസ്ഥാനത്തിലാണ് ഉടനെ ലോകാവസാനം ഉണ്ടാകില്ലെന്ന് പറഞ്ഞത്?” ജാക്ക് ഷാര്‍ലറ്റിന് നേരെ തിരിഞ്ഞു. “അത് മനുഷ്യര്‍ക്കോ, നീ പഠിക്കുന്ന ഭൗതികശാസ്ത്ര തത്വങ്ങള്‍ക്കോ പ്രവചിക്കാനൊ നിര്‍വ്വചിക്കാനൊ കഴിയാത്ത ഒരു കാര്യമാണ്. നമ്മെ പോലെ കേവലം സൃഷ്ടികളായ ഈ ഗോളങ്ങളും ഏത് നിമിഷവും നശിക്കാം. അവ അനന്തമായി നിലകൊള്ളുമെന്ന്‍ ഒരിക്കലും പറയാന്‍ കഴിയില്ല്ല.”

“ശരി, എന്താണ് തെളിവ്?” ഷാര്‍ലറ്റ് ചോദിച്ചു. “ഒരു വാദം മുന്നോട്ട് വെയ്ക്കുമ്പോള്‍ അത് തെളിയിക്കണം. അതാണ്‌ ശാസ്ത്രത്തിന്റെ രീതി. കെട്ടുകഥകള്‍ക്ക് ശാസ്ത്രത്തില്‍ സ്ഥാനമില്ല.”

“തെളിവ് നമ്മുടെയൊക്കെ ക്ഷണികജീവിതം തന്നെ. ഏത് നിമിഷവും വീഴാമെന്ന അവസ്ഥയില്ലല്ലേ നാമൊക്കെ ഇവിടെ ജീവിക്കുന്നത്? ഈ ഒരു നിയമം പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികള്‍ക്കും ബാധകമാണ്.” ജാക്ക് മറുപടി കൊടുത്തു.

“എന്നുവെച്ചാല്‍ ഹൃദയസ്തംഭനം വന്നും പക്ഷാഘാതം വന്നുമൊക്കെ ഭൂമി നശിക്കുമെന്ന് സാരം?” അവള്‍ ജാക്കിനെ കളിയാക്കി.

“അതുപോലെയുള്ള ആകസ്മികമായ നാശവും ഭൂമിയെ ബാധിക്കാം. ഇതുന്നുമറിയില്ലെ നിനക്ക്?”

“എന്നാല്‍ പറ, കേള്‍ക്കട്ടെ.”

ജാക്ക് ആവേശത്തോടെ അവളെ നേരിട്ടു. 

“ഭൂമിയെ ബാധിക്കാന്‍ പോകുന്ന നാശം വേറെ വിധത്തിലാണെന്ന് മാത്രം. ചില കാര്യങ്ങള്‍ പറയാം, ഭൂമിയെ മൂടി കരിച്ചുകളയാനുള്ള ലാവ അതിനുള്ളില്‍ ഉരുകിത്തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്നു, ഭൂമിയെ മൂടി സര്‍വ്വ ജീവരാശികളെയും നശിപ്പിക്കാനുള്ള വെള്ളം ആകാശത്ത് മേഘമായും സമുദ്രത്തില്‍ ഹിമമായും കിടപ്പുണ്ട്, ഉപരിലോക പൊട്ടിത്തെറികളിലെ ഉല്‍ക്കകള്‍ വന്ന്‍ പതിച്ചാല്‍, സൂര്യനാകുന്ന നമ്മുടെ മാതൃനക്ഷത്രത്തിന് നാശം സംഭവിച്ച് അതിന്റെ ഗുരുത്വശക്തി ക്ഷയിക്കുമ്പോള്‍ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അവയുടെ ഭ്രമണപഥത്തില്‍നിന്ന്‍ പുറത്ത് ചാടി  കൂട്ടിയിടിച്ചാല്‍, അല്ലെങ്കില്‍ ആ അവസ്ഥയില്‍ ഭൂമി സൂര്യനരികിലേക്ക് കൂടുതല്‍ അണഞ്ഞ് കൊടുംചൂടില്‍ കരിഞ്ഞാല്‍, സൂര്യനില്‍നിന്ന്‍ അകന്ന്‍ വിദൂരത്തെ പ്രകാശരഹിതമായ ഇരുളില്‍ ചെന്ന് തണുത്തുറഞ്ഞാല്‍, എന്ത് സംഭവിക്കും? അല്ലെങ്കില്‍ സൗരയൂഥങ്ങളെയും ഗ്യാലക്സികളെയും വിഴുങ്ങാന്‍ ശേഷിയുള്ള ചുറ്റിലുമുള്ള മഹാതമോഗര്‍ത്തങ്ങളില്‍ നമ്മുടെ സൗരയൂഥം ചെന്നുപ്പെട്ടാല്‍ എന്തായിരിക്കും ഭൂമിയുടെ അവസ്ഥ..? ഇതൊന്നും കല്‍പ്പിത കഥകളല്ല, എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന പരമ യാഥാര്‍ത്ഥ്യങ്ങളാണ്. ഇതെല്ലാം നമ്മുടെ തലക്ക് മുകളില്‍ തൂങ്ങിനില്‍കുന്ന കൊടുംവിപത്തിന്റെ വാളാണ്, യവനപുരാണത്തില്‍ പറയുന്ന ഡമൊക്ലസിന്റെ വാളുപോലെ. അതിഭീകരമായ നാശമായിരിക്കും ഇവമൂലം ഭൂമിയില്‍ സംഭവിക്കുക. ഇതൊന്നും ഒരിക്കലും നടക്കില്ല എന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?”

“ഈ ഫാന്റസിയൊക്കെ എവിടെനിന്ന്‍ തപ്പിയെടുത്തു?” ചിരിയോടെ ഷാര്‍ലറ്റ് അവനെ നോക്കി.

“മറുപടി പറയാന്‍ ഒന്നുമില്ലാത്തവര്‍ക്ക് ഇങ്ങനെയും പ്രതികരിക്കാം. എന്നാല്‍ ഇതൊന്നും നീ ഹോളിവുഡ് ഫാന്റസികളില്‍ കാണുന്ന രസിപ്പിക്കുന്ന ഭാവനാസൃഷ്ടികള്‍ അല്ല. ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യമാകുന്ന സത്യങ്ങളാണ്.”

“അതെ, ജാക്കിന്റെ പ്രവചനം എന്ന പേരില്‍ ഇതെല്ലാം വെച്ച് നീ ഒരു സയന്‍സ് ഫിക്ഷന്‍ എഴുത്, ചൂടപ്പം പോലെ വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. നിനക്ക് കാശുണ്ടാക്കാം.” അവളുടെ ചിരിയുയര്‍ന്നു, ചില മുഖങ്ങളിലും കണ്ടു ചിരി. അത് ജാക്കിനെ പ്രകോപിപ്പിച്ചു.  

“ഇതെല്ലാം വെറും ഭാവനകളാണോ..? വളരെ വിചിത്രം തന്നെ..! ഏത് ലോകത്താണ് നിങ്ങളൊക്കെ ജീവിക്കുന്നത്?” രോഷത്തോടെ അവന്‍ എല്ലാവരെയും നോക്കി.

“അമ്മാവാ..” ജെയ്ന്‍ മറുപടിക്കായി അമ്മാവനെ വിളിച്ചു.

“ഇതൊന്നും ഒരിക്കലും സംഭവിക്കാത്ത കേവലം ഭാവനകളാണെന്ന്‍ പറയാന്‍ കഴിയില്ല. സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ തന്നെയാണ്.” അമ്മാവന്‍ പറഞ്ഞു.

“അപ്പോള്‍ നാം സുരക്ഷിതരല്ല ഈ ഭൂമിയില്‍? ഏത് നിമിഷവും എന്തും സംഭവിക്കാം?” ജെയ്ന്‍ അമ്മാവനെ നോക്കി.

“വാസ്തവം അതാണ്‌. പ്രപഞ്ചത്തില്‍ ഒന്നും സ്ഥിരമല്ല എന്നതിനാല്‍ നാം ഭൂമിയില്‍ സുരക്ഷിതരാണ്‌ എന്നുപറയാന്‍ കഴിയില്ല. ഭൂമിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റും ഭീതിയുടെ നിഴലായുണ്ട്.” അമ്മാവന്‍ പറഞ്ഞു. “ആകാശത്ത് നക്ഷത്രങ്ങള്‍ പായുന്നതും, അവ പൊലിഞ്ഞ് താഴേക്ക് പതിക്കുന്നതുമൊക്കെ കാണാറില്ലേ? മനുഷ്യരെ പോലെതന്നെയാണ് ഇവയുടെയും നിലനില്‍പ്പും. പ്രപഞ്ചത്തില്‍ ഒന്നും സ്ഥിരമല്ല, എല്ലാം സദാ ചലിച്ചുകൊണ്ടിരിക്കുന്നു, ഒരവസ്ഥയില്‍നിന്ന്‍ മറ്റൊരവസ്ഥയിലേക്ക്. അതാണ്‌ മാറ്റങ്ങള്‍ ആകുന്ന പരിണാമം. അതിനാല്‍ പ്രപഞ്ചത്തില്‍ ഒരിടവും നിശ്ചലമല്ല. നമ്മുടെ മാതൃനക്ഷത്രമായ സൂര്യനും നമ്മുടെ ഭവനമാകുന്ന ഭൂമിയുമൊക്കെ ഈ നിയമത്തിന് വിധേയമായി തന്നെയാണ് നിലനില്‍ക്കുന്നത്, ഒരുനാള്‍ അവ  നശിക്കും. അതൊരു സത്യമാണ്. ആ ഒടുക്കം എപ്പോള്‍, എങ്ങനെ എന്ന് മാത്രം നമുക്കറിയില്ല. അത് ചിലപ്പോള്‍ ഉടനെയുമാകാം, അനേകകാലങ്ങള്‍ക്ക് ശേഷവുമാകാം. എന്നാല്‍ ഹെര്‍മാന്‍ഡീസിന്റെ പ്രവചനത്തില്‍ പറയുന്ന ലോകാവസാനത്തിന്റെ കാരണം ഇതൊന്നുമല്ല.” അമ്മാവന്‍ ചിരിയോടെ പറഞ്ഞു.

“പിന്നെന്താണ്?” ജെയ്ന്‍ ചോദിച്ചു. എല്ലാവരുടെ മുഖത്തും വീണ്ടും ആകാംക്ഷയുടെ ഭാവങ്ങള്‍ തെളിഞ്ഞു.

“അതെന്താണെന്ന് അറിയണമെങ്കില്‍ ആ പ്രവചനലിഖിതം കണ്ടെടുക്കണം. അതിപ്പോഴും ലഭിച്ചിട്ടില്ല, ഭൂമിക്കടിയില്‍ എവിടെയോ കിടക്കുന്നുണ്ടാകും. കണ്ടെടുക്കപ്പെട്ട ആ ക്ഷേത്രാവശിഷ്ടത്തില്‍നിന്ന്‍ ലഭിച്ച ലിഖിതത്തില്‍ ഹെര്‍മാന്‍ഡീസിന്റെ പ്രവചനത്തിലെ ചില കാര്യങ്ങള്‍ മാത്രമേ പറയുന്നുള്ളൂ. അതായത്, ഭൂമി നശിക്കുന്ന ലോകാവസാനത്തിന് വളരെമുമ്പുതന്നെ മാനവരാശി ഭൂമിയില്‍നിന്ന്‍ തുടച്ചുനീക്കപ്പെടും, മനുഷ്യരേക്കാള്‍ കൂടുതല്‍ ഇന്ദ്രീയങ്ങളും ശക്തിയും കഴിവുമുള്ള ഹിറാമോസുകള്‍ എന്ന മറ്റൊരു വിഭാഗം ഉത്കൃഷ്ടമനുഷ്യര്‍ ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ച്‌ മനുഷ്യരെയും അവരുടെ നിര്‍മ്മിതികളെയും പൂര്‍ണ്ണമായും നശിപ്പിക്കുമെന്ന് ഹെര്‍മാന്‍ഡീസിന്റെ പ്രവചനം പറയുന്നതായി ആ ക്ഷേത്രലിഖിതത്തിലുണ്ട്.” 

“ഹിറാമോസുകള്‍..? ആരാണവര്‍? എവിടെനിന്ന്‍ വരുന്നു ഈ ഉത്കൃഷ്ടമനുഷ്യര്‍?” ജാക്ക് ചോദിച്ചു.

“അവരെ കുറിച്ച് കുറച്ചുകാര്യങ്ങള്‍ മാത്രമേ ആ ക്ഷേത്രലിഖിതത്തില്‍നിന്ന്‍ ലഭിച്ചിട്ടുള്ളൂ. ഹിറാമോസുകള്‍ ആരാണെന്നോ അവര്‍ എവിടെനിന്ന്‍ വരുന്നുവെന്നോ അതില്‍ പറയുന്നില്ല. എന്നാല്‍ ഹിറാമോസുകളുടെ ചില സവിശേഷതകളെ പറ്റി സൂചനകളുണ്ട്. ഹിറാമോസുകള്‍ മനുഷ്യരാണ്, എന്നാല്‍ നമ്മെ പോലെയല്ല. നമ്മെക്കാള്‍ കൂടുതല്‍ ഇന്ദ്രിയങ്ങളും ശക്തിയുമുള്ളവരാണ് അവര്‍. അതിലുപരി നമുക്കില്ലാത്ത പല സിദ്ധികളുമുള്ള അവരെ ഉത്കൃഷ്ടമനുഷ്യര്‍ എന്നാണ് ലിഖിതത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കൊടുങ്കാറ്റിന്റെ ശക്തിയുള്ള, ശബ്ദവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന, ഇരുട്ടിലും വെളിച്ചത്തിലും ഒരേപോലെ കാണാന്‍ കഴിയുന്ന, കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന, അഗ്നിയെ തണുപ്പിക്കാന്‍ കഴിയുന്ന, വെള്ളത്തേയും കാറ്റിനേയും  പ്രതിരോധിക്കാന്‍ കഴിയുന്ന, ഉപരിലോകത്തിലെ ആകാശജലത്തില്‍ സ്നാനം ചെയ്യുന്ന, മനുഷ്യര്‍ക്കില്ലാത്ത ഇന്ദ്രിയങ്ങളും അതുവഴി ലഭിക്കുന്ന സവിശേഷ അറിവുകളുമുള്ള ഒരു മനുഷ്യവര്‍ഗ്ഗമാണ് അവര്‍ എന്ന്‍ ലിഖിതം പറയുന്നു..!  അവരെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഹെര്‍മാന്‍ഡീസ് ലിഖിതം കണ്ടെത്തണം.”

“ഒരു കെട്ടുകഥ പോലെ തോന്നുന്നു?” ജെയ്ന്‍ പറഞ്ഞു. 

“അതെ  ഇതൊരു ഭാവനാസൃഷ്ടിയായിരിക്കാം.” അമ്മാവനും അഭിപ്രായപ്പെട്ടു.

“പിന്നെന്തിനാണ് ഇതിനു പുറകെ പോയത്?” ജെയ്ന്‍ ചോദിച്ചു.

“പൗരാണിക ലിഖിതങ്ങളിലെ കാര്യങ്ങള്‍ അക്കാലത്തെ മനുഷ്യരുടെ അറിവുകളാണ്. മുഖ്യമായും ആ നിലയ്ക്കാണ് അവയെയൊക്കെ കാണേണ്ടത്. അതില്‍ സത്യമുണ്ടായിരിക്കാം ഇല്ലായിരിക്കാം. എങ്കിലും അവ കണ്ടെത്തി ആ അറിവുകള്‍ അറിയുക എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. ഈ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ആ ക്ഷേത്രലിഖിതത്തില്‍ ഉള്ളതാണ്. ഹെര്‍മാന്‍ഡീസിന്റെ പ്രവചനത്തില്‍ അവ ഉണ്ടോ, അഥവാ ഉണ്ടെങ്കില്‍ തന്നെ അവ എന്തെല്ലാമാണ് എന്നൊക്കെ അറിയണമെങ്കില്‍, ആ ലിഖിതം തന്നെ ലഭ്യമാകണം. എങ്കിലെ കാര്യങ്ങള്‍ സ്പഷ്ടമാകു.”

“ഇനിയും  അതിനുവേണ്ടി അന്വേഷണം നടത്തുമോ?” ഞാന്‍ ചോദിച്ചു.

“പ്രസക്തമായ പുതിയ വിവരങ്ങള്‍ ലഭിച്ചാല്‍.” അമ്മാവന്‍ ചിരിച്ചു. “പൗരാണികകാലത്തെ അറിവുകള്‍ എല്ലാം അക്കാലത്തെ അമൂല്യമായ നിധികള്‍ പോലെതന്നെയാണ്. നാം കാണാത്ത ഒരു പൂര്‍വ്വകാലത്തെ അറിയുന്നത് അതില്‍നിന്നാണ്.”

“നമുക്കൊന്ന് അന്വേഷിച്ചാലോ?” ജാക്ക് എന്നെയൊന്ന് നോക്കി. 

അവന്റെ മുഖത്തൊരു പുഞ്ചിരി കണ്ടു. മറ്റൊരു പദ്ധതി അവനില്‍ നാമ്പിടുകയാണോ എന്ന്‍ ഞാന്‍ ശങ്കിച്ചു. അവന്റെ മായാഭാവനകളെ ത്രസിപ്പിക്കാന്‍ മറ്റൊരു വിഷയം കൂടി ലഭിച്ചിരിക്കുന്നു, ഹെര്‍മാന്‍ഡീസ് ലിഖിതം..! 

എന്റെ മുഖത്തെ ആശങ്ക കണ്ട് അവന്‍ ചിരിച്ചു.

“ഫറോവമാരുടെ രക്തദാഹികളായ പ്രേതങ്ങള്‍ വസിക്കുന്ന ഇരുട്ടറകളാണ് പിരിമിഡുകള്‍.” ജെയിന്‍ പറഞ്ഞു.

“ഭൗതിക ശരീരമില്ലാത്ത പ്രേതങ്ങള്‍ എങ്ങനെയാണ് രക്തം കുടിക്കുന്നത്?” അമ്മാവന്‍ ചോദിച്ചു.

“സിനിമകളിലും കഥകളിലുമൊക്കെ അങ്ങനെയാണ്.” ജെയ്ന്‍ മറുപടി പറഞ്ഞു.

“അതെല്ലാം കഥകള്‍ക്കും സിനിമകള്‍ക്കും വേണ്ടിയുള്ള മായാസൃഷ്ടികളാണ്, മനുഷ്യന്റെ ജിജ്ഞാസയെ ചൂഷണം ചെയ്യുന്ന സൃഷ്ടികള്‍.”

അല്‍പ്പം കഴിഞ്ഞ് അമ്മാവന്‍ സ്ഥലം വിട്ടതോടെ ചര്‍ച്ചയുടെ രസം തീര്‍ന്നു. പിന്നെ ജാക്കും ഷാര്‍ലറ്റും തമ്മിലുള്ള തര്‍ക്കങ്ങളും അതിന്റെ കോലാഹലവുമായിരുന്നു അവിടെ.

സായാഹ്നശോഭ നിറഞ്ഞ ഉദ്യാനത്തിലെ പുതുമയുള്ള വസന്തവായു ഹൃദ്യമായിരുന്നു. നേരം മങ്ങുന്നതുവരെ ഞങ്ങള്‍ അവിടെ കൂടി. അതിനിടയില്‍ ജാക്ക് ഞങ്ങള്‍ക്ക് വേണ്ടി അവന്റെ ഹാങ്ങ്ഹൂങ്ങ് എന്ന പുതിയ ചൈനീസ് ഈണം ഗിറ്റാറില്‍ വായിച്ചു. ഷാര്‍ലറ്റ് അതിനെ കളിയാക്കി, അത് തകരച്ചെണ്ടയില്‍ കൊട്ടുന്നത് പോലെയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഉടനെ ജാക്ക് തിരിച്ചടിച്ചു, അവളുടെ പുതിയ ചിത്രത്തുന്നല്‍ തവള താടിവെച്ചത് പോലെയുണ്ടെന്ന് പറഞ്ഞു. 

വാഗ്വാദം മുറുകി, സ്വരമുയര്‍ന്നു, ഭാവം മാറി. 

അവളുടെ ബോയിഫ്രണ്ട് ഒരു മൃഗവൈദ്യനാണെന്നും കുതിരക്ക് കുളമ്പടിക്കാനല്ലാതെ മറ്റൊരു കാര്യവും അവനറിയില്ലെന്നും അവന്‍ വൈദ്യനല്ല, ഇരുമ്പ് പണിക്കാരനായ കൊല്ലനാണെന്നും ജാക്ക് തട്ടിവിട്ടു. 

ഷാര്‍ലറ്റ് വിട്ടില്ല. അവള്‍ ജാക്കിന്‍റെ പ്രഥമ പ്രണയാഭ്യര്‍ത്ഥന കവിതയെ പറ്റി അവിടെ പറഞ്ഞു. 

“സ്കൂളിലെ ഏതോ ഒരുത്തിയോട് അവന്‍ ഒരു പ്രണയാഭ്യാര്‍ത്ഥന നടത്തി. മനംമയക്കുന്ന ഒരു മാസ്മരിക കവിതയിലൂടെ, ഗ്യാലക്സി പ്രേമം. അത് ഇങ്ങനെ പോകുന്നു, ആകാശസുന്ദരി, നീ വാഴും മേഘക്കുടിലില്‍ ഒരു പ്രേമനിലാവായി ഞാനുദിക്കും. മേഘലില്ലികള്‍ പൂക്കും വെണ്‍താഴ്‌വരയില്‍ പാറിപ്പറക്കാം, കരിമേഘപ്പാട്ടില്‍ നീര്‍മണികളായി ചിതറിത്തെറിക്കാം, മുകിലിലൊളിക്കും മഴവില്ലായി മിന്നിച്ചിരിക്കാം, ക്ഷീരപഥത്തിലെ പാല്‍ക്കടലില്‍ ആറാടി രസിക്കാം, അങ്ങനെ പോകുന്നു അതിന്റെ വിശേഷം.”

“എന്നിട്ട്..?” വളരെ താല്‍പ്പര്യത്തോടെ ജെയ്ന്‍ ചോദിച്ചു. 

ഷാര്‍ലറ്റ് എല്ലാവരെയും നോക്കി ഹാസ്യഭാവത്തില്‍ തുടര്‍ന്നു. “ഈ പ്രേമകാവ്യത്തിലെ കവിയുടെ സൃഷ്ടിവൈഭവം കണ്ടമ്പരന്ന ആ പെണ്‍കുട്ടി അത് സ്കൂളില്‍ പരസ്യപ്പെടുത്തി. സ്കൂള്‍ അവന് നക്ഷത്രകവിയെന്ന പട്ടം നല്‍കി ആദരിച്ചു. എങ്ങനെയുണ്ട് കവിയുടെ പ്രകടനം?” 

“ജാക്ക്, നിന്റെ പ്രേമം നമുക്കാഘോഷിക്കേണ്ടേ? ഒരു കേക്ക് വാങ്ങി മുറിക്കാം?” ജെയ്ന്‍ പറഞ്ഞു.

“അത് സ്കൂളിലെ ഒരു പരുവാടിക്ക് വേണ്ടി ഞാനെഴുതിയ കവിതയായിരുന്നു എന്നത് സത്യം തന്നെ, പക്ഷെ പ്രേമകാവ്യമല്ലായിരുന്നു. എന്നോടുള്ള വിരോധം മൂലം അവളത് സ്കൂളില്‍ പ്രസിദ്ധപ്പെടുത്തി. അല്ലാതെ എനിക്ക് അവളോട് പ്രേമമൊന്നുമില്ല. ഇതുപോലെയുള്ള മനുഷ്യപിശാചിനെ ആരെങ്കിലും പ്രേമിക്കുമോ? ഞാന്‍ പ്രേമിക്കുന്നത് ഒരേ ഒരാളെ മാത്രമാണ്..”

എല്ലാവരും അവനെ നോക്കി.

“മഗ്ദലനാമറിയം, കര്‍ത്താവില്‍ മാനസാന്തരപ്പെട്ട വിശുദ്ധ.”  


1 - The darling of 101 lovers

Wednesday, April 12, 2023

Part 3 - Laura Middleton; Her Brother and her Lover - A classic Victoria...

Part 1 - Laura Middleton; Her Brother and her Lover - A classic Victoria...

Part 10 - Fanny Hill - Memoirs of a Woman of Pleasure.

Part 9 - Fanny Hill - Memoirs of a Woman of Pleasure.

Part 7 - Fanny Hill - Memoirs of a Woman of Pleasure.

Part 6 - Fanny Hill - Memoirs of a Woman of Pleasure.

Part 4 - Fanny Hill - Memoirs of a Woman of Pleasure.

Part 3 - Fanny Hill - Memoirs of a Woman of Pleasure.

Part 2 - Fanny Hill - Memoirs of a Woman of Pleasure.

Part 10 - Adventures of Huckleberry Finn

Part 9 - Adventures of Huckleberry Finn

Part 8- Adventures of Huckleberry Finn

Part 7- Adventures of Huckleberry Finn

Part 6- Adventures of Huckleberry Finn

Part 21 - The Romance Of Lust - A classic Victorian erotic novel in 1892...

Tuesday, April 11, 2023

Part 20 - The Romance Of Lust - A classic Victorian erotic novel in 1892.

Part 19 - The Romance Of Lust - A classic Victorian erotic novel in 1892.

Part 18 - The Romance Of Lust - A classic Victorian erotic novel in 1892.

Part 17 - The Romance Of Lust - A classic Victorian erotic novel in 1892.

Part 16 - The Romance Of Lust - A classic Victorian erotic novel in 1892.

Part 15 - The Romance Of Lust - A classic Victorian erotic novel in 1892.

Part 1 - Fanny Hill - Memoirs of a Woman of Pleasure.

Part 5 - Adventures of Huckleberry Finn

Part 5 - Anne of the Island - Audio book

Part 4 - Anne of the Island - Audio book

Part 3 - Anne of the Island - Audio book

Part 14 - The Romance Of Lust - A classic Victorian erotic novel in 1892.

Part 13 - The Romance Of Lust - A classic Victorian erotic novel in 1892.

Part 12 - The Romance Of Lust - A classic Victorian erotic novel in 1892.

ലീഡര്‍ കറിയ സ്പീക്കിംഗ്   കഥ, ആക്ഷേപഹാസ്യം, by ഷാ കെ   ഭാഗം 2   ലീഡര്‍  ആവേശത്തോടെ പറഞ്ഞു. - ഉള്ളതോ? എന്നാല്‍ അത് ആദ്യം പറയേണ്ടേ.. ഓസി...